ജ്യോതിഷത്തെക്കുറിച്ചും ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചും എന്റെ അറിവനുസരിച്ചുള്ള ചില ചിന്തകള്‍ വായനക്കാരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മഹാനായ കെപ്ലെര്‍ ജ്യോതിഷത്തെ വിവരിക്കുന്നത് "കുലീനയായ അമ്മയുടെ കുലടയായ പുത്രി" എന്നാണ്. ഇവിടെ 'കുലീനയായ അമ്മ' എന്നുദ്ദേശിക്കുന്നത് ജ്യോതിശ്ശാസ്ത്രത്തേയും 'കുലടായ പുത്രി' എന്നുദ്ദേശിക്കുന്നത് ജ്യോതിഷത്തെയും ആണ്. പണ്ട് ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒന്നാണെന്നാണ് കരുതിയിരുന്നത്. ജ്യോതിശ്ശാസ്ത്രത്തേയും ജ്യോതിഷത്തെയും ഒരുപോലെ കൊണ്ടുനടന്ന ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലെ അവസാന കണ്ണിയായിരുന്നു കെപ്ലെര്‍.
നമ്മുടെ നക്ഷത്ര സമൂഹമായ 'മില്കി വേ' യും അതിന്റെ ഭാഗമായ നമ്മുടെ ' സൌരയൂഥവും' താഴെ കാണുക;
മഹാനായ കെപ്ലെര്‍ ജ്യോതിഷത്തെ വിവരിക്കുന്നത് "കുലീനയായ അമ്മയുടെ കുലടയായ പുത്രി" എന്നാണ്. ഇവിടെ 'കുലീനയായ അമ്മ' എന്നുദ്ദേശിക്കുന്നത് ജ്യോതിശ്ശാസ്ത്രത്തേയും 'കുലടായ പുത്രി' എന്നുദ്ദേശിക്കുന്നത് ജ്യോതിഷത്തെയും ആണ്. പണ്ട് ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒന്നാണെന്നാണ് കരുതിയിരുന്നത്. ജ്യോതിശ്ശാസ്ത്രത്തേയും ജ്യോതിഷത്തെയും ഒരുപോലെ കൊണ്ടുനടന്ന ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലെ അവസാന കണ്ണിയായിരുന്നു കെപ്ലെര്‍.
നമ്മുടെ നക്ഷത്ര സമൂഹമായ 'മില്കി വേ' യും അതിന്റെ ഭാഗമായ നമ്മുടെ ' സൌരയൂഥവും' താഴെ കാണുക;


നാം വസിക്കുന്ന സുന്ദരമായ ഭൂമി ചുവടെ കാണുക;

നമ്മുടെ നക്ഷത്ര സമൂഹമായ 'മില്കി വേ' യും അതിന്റെ ഭാഗമായ നമ്മുടെ 'സൌര്യ യൂധവും' എങ്കിലും അറിയാത്ത ജ്യോതിഷക്കാര്‍ ധാരാളം. നമ്മുടെ പുരാണമായ മഹാഭാരതത്തില്‍ രാഹു കേതുക്കളെ വിവരിച്ചിരിക്കുന്നത് നോക്കുക.
"ക്രോധേന രവീന്ദുക്കള് നമ്മെ നോക്കീടുന്നതി –
ന്നാധിചെർന്നെഴും ഗ്രഹണങ്ങളായതു രണ്ടും
വാവറുതിക്കു സൂര്യചന്ദ്രന്മാര് തനിക്കു നേ -
രാമളവവനൊന്നു നോക്കീടുമതെയുള്ളു
വീണുപോകിലും ദ്വിഷദഭാവം വേര്പെടാ നിജ
പ്രാണന് പോവോളമെന്നു വന്നിരിക്കുന്നു നൂനം"
സാരം: ആകാശത്തേക്ക് പോയ തലയും ഭൂമിയില്‍ വീണ ഉടലും രാഹുവെന്നും കേതുവെന്നും അറിയപ്പെടുന്ന രണ്ടു സര്പങ്ങളായി തീർന്നുവെന്നും, അവ തിന്മയുടെ പ്രതീകങ്ങളാണെന്നും സൂര്യ ചന്ദ്രന്മാരെ വിഴുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഗ്രഹണങ്ങള്‍ ഉണ്ടാകുനതെന്നുമുള്ള പുരാവൃത്തം നമ്മളുടെ വിശ്വാസത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും ആ വിശ്വാസം കൈവിടുവാന്‍ നാം തയാറല്ല.
ജ്യോതിഷത്തിന്റെ പൊതുവേയുള്ള വിശ്വാസപ്രമാണങ്ങൾ നോക്കുക
* കാലചക്രത്തെ നിയന്ത്രിക്കുന്ന ജ്യോതിസ്സുകൾക്ക് ദിവ്യമായ ശക്തിവിശേഷങ്ങൾ ഉണ്ട്.
* ഗ്രഹങ്ങളുടെ ചക്രവര്‍ത്തി സൂര്യനാണ്
* ഭൂമിക്കു ചുറ്റുമുള്ള ആകാശത്തെ വൃത്താകാരമായി സങ്കല്പിച്ചു രാശി കളായി വിഭജിച്ചിരിക്കുന്നു.
* ഗ്രഹങ്ങൾക്ക് ഇച്ഛാശക്തിയും ക്രിയാശക്തിയും ഉണ്ട്. അവര്‍ക്ക് ഓരോരുത്തർക്കും സവിശേഷതകള്‍ ഉണ്ട്.
* അവരില്‍ ശുംഭന്മാരും പാപികളും ഉണ്ട്.
* മനുഷ്യന്റെ ഓരോ മണ്ഡലങ്ങളേയും ഭരിക്കുന്നത് ഓരോ ഗ്രഹങ്ങളാണ്.
* ജ്യോതിർഗോളങ്ങൾ ഏതു രാശിയില്‍ സ്ഥിതി ചെയ്യുന്നു എന്നുള്ളതിനെ ആശ്രയിച്ച് ഫലങ്ങള്‍ പ്രവചിക്കാന്‍ കഴിയും.
എന്നാല്‍ ഈ പ്രമാണങ്ങൾക്കൊന്നും തന്നെ ശാസ്ത്രീയ അടിസ്ഥാനം ഒന്നും തന്നെ ഇല്ല. പലപ്പോഴും പരസ്പര വിരുദ്ധമായ അനുമാനങ്ങളില്‍ ആണ് എത്തിച്ചേരുക. സന്ദര്‍ഭവും മനോധര്‍മവും അനുസരിച്ച് വ്യാഖാനിച്ചു ശരിപ്പെടുത്തുന്നു. അത് തന്നെയാണ് ജ്യോതിഷത്തിന്റെ രഹസ്യവും.
നക്ഷത്രങ്ങള്‍ ജടവസ്തുക്കള്‍ ആണെന്നുള്ളത് ജ്യോതിഷക്കാര്‍ സമ്മതിക്കില്ല. ജ്യോതിശാസ്ത്രം എന്നത് തികച്ചും ഒരു ശാസ്ത്രം തന്നെയാണ്. മാത്രമല്ല അത് വളരുന്ന പ്രപഞ്ചത്തിനൊപ്പം വളരുകയും ചെയ്യുന്നു. പ്രൊ. സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഗവേഷണങ്ങള്‍ ഇതിനുദാഹരണമാണ് .
ജ്യോതിഷത്തിന്റെ കാര്യം എടുത്താല്‍ അതിന്റെ അടിത്തറ തന്നെ തെറ്റാണു. ജ്യോതിഷത്തില്‍ നവഗ്രങ്ങളില്‍ സുര്യനെയും ഉൾപ്പെടുത്തിയിരിക്കുന്നു. യഥാർത്ഥത്തിൽ സൂര്യൻ ഗ്രഹമാണോ ? അതൊരു നക്ഷത്രമാണെന്ന് ആരും പറയും നമ്മുടെ പൂര്‍വികര്‍ ജ്യോതിഷം ഉണ്ടാക്കിയ കാലത്ത് പ്രപഞ്ചത്തിന്റെ കേന്ദ്രം തന്നെ ഭുമി ആയിരുന്നു എന്നാണ് കരുതിയത്. അങ്ങിനെ ഭുമി കേന്ദ്രമാക്കിയാണ് രാശി പ്രമാണങ്ങള്‍ ഉണ്ടാക്കിയത്. നമ്മുടെ സൌരയൂഥം ഈ പ്രപഞ്ചത്തിലെ പല നക്ഷത്ര സമൂഹങ്ങളില്‍ ഒരെണ്ണം ആണെന്നും സുര്യന് എന്ന നക്ഷത്രം നമ്മുടെ സൌരയൂഥത്തിന്റെ കേന്ദ്രമാണെന്നും ജ്യോതിശ്ശാസ്ത്രം കുറച്ചെങ്കിലും അറിയാവുന്നവര്‍ക്ക് അറിവുള്ള കാര്യമാണ്. ഇന്ന് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭുമി ആണെന്ന് അറിവുള്ളവര്‍ ആരെങ്കിലും പറയുമോ? ജ്യോതിഷത്തില്‍ ഗണിതം ഉൾപ്പെടുത്തിയിരിക്കുന്നു. നല്ലത് തന്നെ. പക്ഷെ പ്രകാശവര്‍ഷങ്ങളുടെ (പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം ) കണക്കു നോക്കിയാലോ.
നമ്മുടെ സൂര്യൻ കഴിഞ്ഞാല്‍ ഏറ്റവും അടുത്ത് നിൽക്കുന്ന നക്ഷത്രം ആൽഫാ സെന്റൌറി എന്ന നക്ഷത്രമാണ്. അതിന്റെ ദൂരമോ നാലു പ്രകാശവര്‍ഷങ്ങളില്‍ കൂടുതല്‍. തിരുവോണം നക്ഷത്രം പതിനാറു പ്ര. വ., പുണര്‍തം മുപ്പത്തഞ്ചു പ്ര. വ. , ചോതി മുപ്പത്താറ് പ്ര.വ. , രോഹിണി അറുപത്തെട്ടു പ്ര.വ. , ചിത്തിര ഇരുനൂറ്റമ്പതു പ്ര.വ. , കേട്ട നാനൂറു പ്ര. വ. , ഇങ്ങിനെ പോകുന്നു കണക്കുകള്‍. എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെ നിൽക്കുന്ന ഈ ഓരോ നക്ഷത്രങ്ങളും ഇന്ന ഇന്ന രാശിയില്‍ ആണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ആണുള്ളത്?
നമ്മുടെ സൂര്യൻ സൌരയൂഥത്തിന്റെ കേന്ദ്രമാണെന്നും, നമ്മുടെ സൌരയൂഥം മിൽക്കീ വേ എന്ന നക്ഷത്രസമൂഹത്തിലെ അംഗം ആണെന്നും, ഇതുപോലെ അനേകം നക്ഷത്ര സമൂഹങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്നും, പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെന്നും, കോടിക്കണക്കിനു വർഷങ്ങൾക്കു ശേഷം ഇതിനു ഒരു അവസാനം ഉണ്ടാകുമെന്നും, നമ്മുടെ ജ്യോതിഷികൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഒരു ശിശു ഇന്ന രാശിയില്‍ ഇന്ന നക്ഷത്രത്തില്‍ ജനിച്ചു എന്ന് പറയുമ്പോള്‍ ഒരു പ്രത്യേക സമയത്തെ കുറിക്കുന്നു എന്നല്ലാതെ ആ ജനനവും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനവും തമ്മില്‍ ജ്യോതിഷക്കാര്‍ ഗണിക്കുന്നത് പോലെ യാതൊരു ബന്ധവും ഇല്ല. ചന്ദ്രന് ഒരു പ്രത്യേക നക്ഷത്രത്തിന്റെ അടുത്താണെന്ന് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണല്ലോ ആ ദിവസത്തെ നാള് നിശ്ചയിക്കുന്നത്. ആ നക്ഷത്രവും ചന്ദ്രനും തമ്മില്‍ ജ്യോത്സ്യക്കാര്‍ ഗണിക്കുന്നത്പോലെ യാതൊരുവിധ അടുപ്പമോ സ്വാധീനമോ ഇല്ല. അതുപോലെതന്നെ ഒരു പ്രത്യേക നക്ഷത്രത്തിന്റെ നാഥന് ഇന്ന ഗ്രഹമാണെന്നു പറയുന്നതില്‍ എന്താണർത്ഥം?
പ്രപഞ്ചത്തെയും ഈ ഭൂമിയിലെ ജീവിതത്തെയും ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്വാധീനിക്കുന്നു എന്നുള്ള ഭാഗം വരെ ജ്യോതിഷം ശരിയാണ്. എന്നാല്‍ ഈ പ്രമാണത്തില്‍ നിന്നും ഓരോ വ്യക്തിയുടെയും നാളത്തെ ജീവിതം പ്രവചിക്കുവാന്‍ കഴിയും എന്ന നിഗമനമാണ് കുഴപ്പമുണ്ടാക്കുന്നത്. അത്തരം ഒരു നിഗമനം ബുദ്ധിക്കോ യുക്തിക്കോ നിരക്കുന്ന കാര്യമല്ല. അല്ലെങ്കില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും വെറും ജടമായ വസ്തുക്കള്‍ അല്ലെന്നും അവയെല്ലാം അമാനുഷ ശക്തിപ്രവാഹങ്ങളുടെ കേന്ദ്രങ്ങള്‍ ആണെന്നുമുള്ള ന്യായങ്ങള്‍ ഉണ്ടാകണം. ജ്യോതിഷത്തെ നിരാകരിക്കുന്നവര്‍ നിരീശ്വരവാദികള്‍ ആണെന്നുള്ള ഒരു ധാരണ ചിലയിടങ്ങളില്‍ ഉണ്ട്. അത് ശരിയല്ല. ദൈവവിശ്വാസം ഇതില്‍ നിന്നുമൊക്കെ വ്യത്യസ്തമായ സ്വതന്ത്രമായ വിശ്വാസമാണ്.
നക്ഷത്രങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എത്രയോ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്നു. എത്രയോ നക്ഷത്രങ്ങള്‍ എരിഞ്ഞടങ്ങുന്നു . ജ്യോതിഷത്തിന്റെ ഭാഷയില്‍ ഈ മാറ്റങ്ങള്‍ അനുസരിച്ച് ഭാവിയും മാറേണ്ടതല്ലെ? എത്ര ജ്യോതിഷക്കാര്‍ ഇതെല്ലാം അറിയുന്നു?
സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ ജ്യോതിഷം എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല ? തന്ത്രങ്ങളുടെ കൂട്ടത്തില്‍ ആണ് അതിന്റെയും സ്ഥാനം. അതുകൊണ്ട് തന്നെ. മനുഷ്യന്റെ ജനനവും മരണവും എല്ലാം ജ്യോതിഷത്തില്‍ കൃത്യമായി പറയുന്നു എന്നുള്ളത് എത്ര മണ്ടത്തരമാണ്. എപ്പോഴെങ്കിലും സംഭവിച്ചു എന്ന് വരാം. പ്രകൃത്യാ ഉള്ള മരണമാണ് ഉദ്ദേശിക്കുന്നതെങ്കിൽപ്പോലും എത്രയോ തെറ്റുകള്‍ ആണ് ഉണ്ടാകുന്നത്.
എന്റെ അനുഭവം തന്നെ നോക്കുക. എന്റെ ചെറുപ്പത്തില്‍ എന്റെ മാതാപിതാക്കൾക്ക് ജ്യോതിഷത്തില്‍ അല്പം വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു ജ്യോത്സ്യൻ എന്റെ അച്ഛന്റെ മരണം പ്രവചിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ എന്റെ അച്ഛന് അറുപത്തി എട്ടാമത്തെ വയസ്സിൽ മരിച്ചു. അങ്ങിനെ എത്രയോ പേരുടെ അനുഭവങ്ങള്‍ കാണാന്‍ സാധിക്കും.
സയന്‍സ് ഏപ്പോഴും സത്യമാണ് . അവയ്ക്ക് തെളിവുകള്‍ കിട്ടും . എന്താണ് ശാസ്ത്രം ? ഒരു കണ്ടുപിടിത്തം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുന്നത് ശാസ്ത്രമാണ്. അതുകൊണ്ട് തന്നെ അത് പൂര്‍ണവുമാണ്. മെഡിക്കല്‍ സയന്‍സ്, ഫിസിക്സ് തുടങ്ങിയവയെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ശബ്ദം എങ്ങിനെ ഉണ്ടാകുന്നു എന്ന് ഫിസിക്സില്‍ പഠിപ്പിക്കുന്നു . കമ്പനം മുലമാനെന്നും, ഒരു ട്യൂണിംഗ് ഫോർക്ക് വഴി അത് തെളിയിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം ശരീരത്തില്‍ ഉണ്ടെന്നു മെഡിക്കല്‍ സയന്‍സ് പറയുന്നു. ബ്ലഡ് പ്രഷര്‍ മോണിറ്റർ കൊണ്ട് അത് കൃത്യമായി അളന്നു തെളിയിക്കുന്നു. എന്നാല്‍ എത്രയോ പ്രകാശ വര്‍ഷങ്ങള്‍ അകലെ ഉള്ള ഒരു നക്ഷത്രം എങ്ങിനെ ഒരു മനുഷ്യന്റെ ഭാവിയെ സ്വാധീനിക്കുന്നു എന്ന് ജ്യോതിഷം ഇന്നു വരെ തെളിയിച്ചിട്ടില്ല. ഇങ്ങനെ തെളിവില്ലാതെ പോകുന്നത് കൊണ്ട് തന്നെ ആണ് ജ്യോതിഷം ശാസ്ത്രമല്ല എന്ന് പറയുന്നതും. എത്രയോ പ്രശ്നങ്ങള്‍ മനുഷ്യന് ഈ ഒരു വിശ്വാസം കൊണ്ട് നേരിടുന്നു. ജ്യോതിഷം ഇന്ന് വലിയൊരു വ്യവസായശൃംഘലയായി ലോകം മുഴുവന്‍ വളർന്നിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ ആൾക്കാർ ജീവിക്കുന്നു. അതുകൊണ്ട് തന്നെ അതിനെ വിശ്വസിക്കാനും പ്രോത്സാഹിപ്പിക്കാനും ആള്‍ക്കാരുണ്ടാകും. പ്രശ്ന പരിഹാരം വഴി എത്രയോ ജ്യോതിഷികള്‍ ലക്ഷങ്ങളുണ്ടാക്കുന്നു. ഈശ്വരനില്‍ വിശ്വസിക്കുന്നു എങ്കില്‍ എന്തിനു ജ്യോതിഷത്തിന്റെ പുറകെ പോകണം? ഏതെങ്കിലും ഒരു ഗ്രഹത്തെ പ്രീതിപ്പെടുത്തിയാലെ ഈശ്വരന് അനുഗഹിയ്ക്കുകയുള്ളോ? അതോ ജ്യോതിഷിയെ കൊണ്ട് പ്രശ്നം പരിഹരിച്ചാലേ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുകയുള്ളോ? എല്ലാം സൃഷ്ടിച്ച ഒരു ഈശ്വരന് ഉണ്ടെകില്‍ ഇതിന്റെയെല്ലാം മേലെ ഈശ്വരന് ഇല്ലേ? അവനോടു പ്രാര്‍ത്ഥിച്ചാല്‍ പോരെ?
ജ്യോതിഷം വെറും വിശ്വാസം ആണെന്നുള്ളതിന്റെ തെളിവിനായി ചില വസ്തുതകൾ താഴെ കൊടുക്കുന്നു;
* സുര്യന്, ചന്ദ്രന്, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളുടെയും ഇരുപത്തേഴു നക്ഷത്രങ്ങളുടെയും ആകാശ മണ്ഡലത്തിലെ സ്ഥാനക്രമമാണ് ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനം. രാഹുവും കേതുവും ഗ്രഹങ്ങളല്ല. വേറെ മുന്ന് വലിയ ഗ്രഹങ്ങളും രണ്ടു ചെറിയ ഗ്രഹങ്ങളും ഗ്രഹങ്ങൾക്കെല്ലാം ഉപഗ്രഹങ്ങളും ശാസ്ത്രഞ്ജന്മാര് കണ്ടുപിടിച്ചിട്ടുണ്ട്. സൌരയൂഥത്തിലെ അംഗങ്ങള്‍ ഗ്രഹങ്ങള്‍ മാത്രമല്ല.
* ഓരോ നിമിഷവും സ്വയം കറങ്ങുകയും സ്വന്തം സൂര്യന്മാരെ വലം വെക്കുകയും ഒട്ടനവധി നക്ഷത്രങ്ങളും ധൂമകേതുക്കളും ഉൾപ്പെടെ ഉള്ള നമ്മുടെ ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അതാതിന്റെ കാന്തികവലയത്തില്‍ കറങ്ങുന്ന ജഡവസ്തുക്കളാണ്.
* നക്ഷത്രങ്ങള്‍ ജനിക്കുകയും വളരുകയും നശിക്കുകയും ചെയ്യുന്നു. അവ ഒരിക്കലും നിശ്ചലമല്ല. പ്രകാശ വര്‍ഷങ്ങള്‍ അകലെയായത് കൊണ്ട് അതിന്റെ ഭ്രമണം നാം അറിയുന്നില്ല എന്നേയുള്ളു. നാം കാണുന്ന നക്ഷത്രങ്ങളുടെ സ്ഥിതി വർഷങ്ങൾക്ക് മുമ്പുള്ളതാണ്. കാരണം പ്രകാശരശ്മികള്‍ ഭൂമിയില്‍ എത്താന്‍ വര്‍ഷങ്ങള്‍ എടുക്കുന്നു.
* നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് നാം കാണുന്ന വസ്തുക്കളും യാഥാര്‍ത്ഥ്യവും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്.
* ഓരോ ഗ്രഹങ്ങളുടെയും ദശാകാലവും മണ്ഡലവും വിഭജിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം പൂര്‍വികരുടെ വാക്കുകളല്ലാതെ മറ്റൊന്നുമല്ല.
* ജ്യോതിർമണ്ഡലവും അവയുടെ രശ്മികളും വികിരണങ്ങളും ഭൂമിയും അന്തരീക്ഷത്തേയും മനുഷ്യന്റെ ശാരീരികവും മാനസികവുമായ നിലയെയും സ്വാധീനിക്കുന്നു എന്നുള്ളതുകൊണ്ട് ഓരോ മനുഷ്യന്റെയും ഭാവി ഫലങ്ങള്‍ ഗ്രഹനിലയും നക്ഷത്രനിലയും വച്ചുകൊണ്ട് പ്രവചിക്കാന്‍ സാധിക്കില്ല.
* ഗ്രഹങ്ങൾ തമ്മില്‍ ശത്രു മിത്ര ഭാവങ്ങള്‍ ഉണ്ടെന്നുള്ള സങ്കല്‍പ്പങ്ങള്‍ യാതൊരടിസ്ഥാനവും ഇല്ലാത്ത മിഥ്യാ ധാരണകള്‍ മാത്രമാണ്.
* ഗ്രഹങ്ങളുടെ നഭോ മണ്ഡലത്തിലെ സ്ഥാനം കണ്ടുപിടിക്കുന്ന പഴയ ഗണിതങ്ങള്‍ നല്ലതായിരുന്നു എങ്കിലും പൂര്‍ണമായിരുന്നില്ല. പഞ്ചാംഗത്തിൽ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ പലതും തെറ്റാണു. ഗ്രഹനിലയും മറ്റും കണ്ടുപിടിക്കുന്ന പഴയ രീതി ശാസ്ത്രീയമായിരുന്നു എങ്കിലും അവയെ ആശ്രയിച്ചു ഭാവി ഫലം പ്രവചിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള പ്രമാണങ്ങളുടെ അടിസ്ഥാനം പൌരാണികരിലുള്ള വിശ്വാസം മാത്രമാണ്.
* പ്രവചനങ്ങള്‍ ശരിയായതിന്റെ സ്ഥിതിവിവരക്കണക്കിന് ശാസ്ത്രീയ തെളിവല്ല. വല്ലപ്പോഴും ഒത്തു വന്നിട്ടുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രമാണ്.
* നിരാശരായവര്‍ക്ക് ആശ്വാസം കിട്ടാനുള്ള ഒരു മാർഗ്ഗമാണെന്ന് എന്നുവെച്ചു ജ്യോതിഷം ശരിയാകണം എന്നില്ലല്ലോ. എത്രയോ പേര്‍ക്ക് മറിച്ചനുഭവം ഉണ്ട്. പലരും സൌകര്യ പൂര്‍വ്വം മറയ്ക്കുന്നു.
* പ്രപഞ്ച പരിണാമ ഗതിയെ സാരമായി ബാധിക്കുന്ന ഘടകങ്ങൾ നവഗ്രഹങ്ങളോ ഇരുപത്തേഴു നക്ഷത്രങ്ങളോ അല്ല.
ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എന്റെ നിസ്സാര അറിവില്‍ നിന്ന് ഉള്ളതാണ്. ഞാന്‍ ഒരു മനഃശാസ്ത്രവിദ്യാർത്ഥി കൂടിയായതിനാല്‍, പലരുടെയും മനസ്സിനെ ഹനിക്കാൻ എനിക്കാഗ്രഹമില്ല. എങ്കിലും വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.